ലൈഫ് മിഷന് പദ്ധതി മനുഷ്യത്വപരമായ പദ്ധതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍. ലൈഫ് മിഷന് വിദേശത്തുനിന്ന് പണം ലഭിച്ചിട്ടില്ല. ഇടപാടുകള്‍ എഫ്സിആര്‍എ പരിധിയില്‍ വരില്ല. കള്ളപ്പണം വെളുപ്പിക്കലോ, ഹവാലയോ അല്ല. സിബിഐ കോടതിയില്‍ നല്കിയതും അപ്ലോഡ് ചെയ്ത എഫ്ഐആറും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന് ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുള്ളത് കൊണ്ടാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് അഴിമതി നിരോധന നിയമം അനുസരിച്ചാണ്. വിജിലന്‍സ് ആ നിലയ്ക്ക് കേസ് അന്വേഷിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഈ നിലപാട് ഉന്നയിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും യൂണിടാക് ഉടമയും സമര്‍പ്പിച്ച ഹര്‍ജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന വാദം. വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു സിബിഐയുടെ കഴിഞ്ഞ ദിവസത്തെ നിലപാട്. അങ്ങനെയെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് എഫ്.സി.ആര്.എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള ഇടപാടുകളില്‍ സംസ്ഥാന സര്‍ക്കാരിന് ബന്ധം ഇല്ലെന്നാണ് ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. വടക്കാഞ്ചേരിയിലുള്ള സ്ഥലം ഏറ്റെടുത്ത് കൊടുക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. റെഡ് ക്രെസന്റാണ് യൂണിടാകിനെ നിയമിച്ചത്. സര്‍ക്കാര്‍ ഭൂമി നല്‍കുക മാത്രമാണ് ചെയ്തത്. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്മെന്റില്‍ വ്യക്തമാണ്. റെഡ് ക്രെസന്റ് നേരിട്ടാണ് യൂണിടാകിനും സെയ്ന് വെഞ്ച്വേര്‍സിനും പണം നല്‍കിയത്.


