സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്കും വ്യാപിപ്പിക്കുന്നു. കോണ്‍സുലേറ്റിലെ ചിലരെക്കുറിച്ച് അന്വേഷിക്കുമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും എന്‍ഐഎ പറഞ്ഞു. വന്‍തോതിലുള്ള ഗൂഢാലോചനയാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളത്. 30 ലേറെ പ്രതികളുള്ള ഈ കേസില്‍ അന്താരാഷ്ട്ര തലത്തില്‍ ബന്ധങ്ങളുണ്ടന്നും എന്‍ഐഎ പറയുന്നു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പ്രത്യക്ഷമായോ പരോക്ഷമായി ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും യുഎഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ്, റബിന്സണ് എന്നിവരെ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും എന്‍ഐഎ അന്വേഷണ സംഘം പറയുന്നു.
പല പ്രതികളും വന്‍തോതില്‍ തുക സ്വര്‍ണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ലാഭം വാങ്ങാതെ ഇവര്‍ വീണ്ടും വീണ്ടും സ്വര്‍ണക്കടത്തിന് പണം നല്കി. 100 കോടിയിലേറെ രൂപയുടെ ഇടപാട് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ നടന്നിട്ടുണ്ടെന്നും എന്‍ഐഎ പറയുന്നു.


