പത്തനംതിട്ട ആറന്മുളയില് 108 ആംബുലന്‍സ് ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതിയെ സംരക്ഷിക്കാന്‍ ഇടപെട്ടു എന്ന തരത്തില്‍ വ്യാജ വാര്‍ത്തയും വ്യാജ സന്ദേശവും പ്രചരിപ്പിച്ചവര്‍ക്കെതിരെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം സംസ്ഥാന പോലീസ് വകുപ്പ് മേധാവിക്ക് പരാതി നല്കി.
ആറന്മുളയില് കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി 108 ആംബുലന്‍സില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ച ഹീന സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ പരസ്യമായി അപലപിച്ച സംഘടനയാണ് സിഐടിയു. എന്നാല്‍ സിഐടിയുവിനെ അപമാനിക്കുന്ന വിധത്തിലാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചിലര്‍ പരസ്യപ്രസ്താവന നടത്തിയതെന്നും എളമരം കരീം പറഞ്ഞു.
കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം എടുക്കുന്നതിനും, സംരക്ഷിക്കുന്നതിനും സിപിഎം നേതാവും, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ ജാക്സണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ തങ്ങുന്നു എന്നാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സിറില്‍ ജോസിന്റെ കുറിപ്പിലാണ് ഇത്തരം വ്യാജ പ്രരണം നടക്കുന്നത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായി ജാക്സണ് എന്നൊരാള്‍ ഇല്ല. സംസ്ഥാന ഭാരവാഹികളെ സംസ്ഥാന സമ്മേളനമാണ് തെരെഞ്ഞെടുക്കുന്നത്.
ഇത്തരത്തിലുള്ള ചിലര്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച വ്യാജ സന്ദേങ്ങളും പ്രസ്താവനകളും വാസ്തവ വിരുദ്ധവും ജനങ്ങള്‍ക്കിടയില്‍ സിഐടിയുവിനെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്. ഇത് മനപ്പൂര്‍വം സിഐടിയുവിനെ കരിവാരിത്തേക്കലാണ്. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റവാളികളുടെ പേരില്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാന പോലീസ് വകുപ്പ് മേധാവിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
വ്യാജ പ്രചാരണം നടത്തിയ വ്യക്തികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും മറ്റു വിശദാംശങ്ങളും സഹിതമാണ് എളമരം കരീം സംസ്ഥാന പോലീസ് വകുപ്പ് മേധാവിക്ക് പരാതി നല്‍കിയത്.