ജോസ് കെ. മാണി പക്ഷത്തിന്റെ മുന്നണിപ്രവേശനം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല. ജോസ് പക്ഷത്തിന് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അര്‍ഹമായ പരിഗണന നല്‍കുമെന്നും എ. വിജയരാഘവന്. കേരള കോണ്‍ഗ്രസ് എമ്മും അനുകൂല നിലപാട് സ്വീകരിച്ച് എല്‍ഡിഎഫ് പ്രവേശനത്തിനുള്ള ധാരണയിലെത്തിയതായാണ് സൂചന. ഈ ധാരണകള്‍ ചര്‍ച്ച ചെയ്ത് ജോസ് പക്ഷത്തെ കൂടെ നിര്‍ത്തുമെന്ന സൂചന കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണനും നല്‍കിയിരുന്നു. ഇതോടെ ജോസ് പക്ഷം ഇടത്തേക്കെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
അതേസമയം നോട്ടെണ്ണുന്ന യന്ത്രം യുഡിഎഫില്‍ മാത്രം വേണ്ടതാണ്. മാണിക്കെതിരെ അന്ന് നടത്തിയ ഇടത് പ്രക്ഷോഭം ഇന്ന് അപ്രസക്തമാണെന്നും വിജയരാഘവന് പറഞ്ഞു. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല, വിരുദ്ധ നിലപാടുകളാണുള്ളത്. നിലപാട് ഇടത് അനുകൂലമായാല്‍ പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെടും. അവര്‍ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. അതിനോട് ഇടതുമുന്നണിക്കും അനുകൂല നിലപാടായിരിക്കുമെന്നും എ. വിജയരാഘവന് പറഞ്ഞു.


