കെകെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം എംപി. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിന്റെ പാരിതോഷികമാണ് രമയുടെ എംഎല്‍എ സ്ഥാനമെന്ന് എളമരം കരീം ആരോപിച്ചു. ഇതില്‍ അഹങ്കരിക്കേണ്ടെന്നും ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകന് അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെ എളമരം കരീം പറഞ്ഞു.
‘എംഎല്‍എ സ്ഥാനം കിട്ടിയതു കൊണ്ട് ആരും അഹങ്കരിക്കരുത്. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമായി കിട്ടിയതാണ് എന്നെങ്കിലും ഓര്‍ക്കണം. ഒറ്റു കൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എംഎല്‍എ സ്ഥാനം കൊണ്ട് ആരും അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട.’
വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍, സമ്മേളനങ്ങള്‍ ഒക്കെ നടത്തുകയാണ്. റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണത്രേ.
എന്താണ് റെവല്യൂഷനറി? ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എം.എല്‍.എ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച് അശോകനെന്നും കരീം പറഞ്ഞു.88
നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന നിലപാടാണ് സിപിഐഎം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു കെകെ രമയുടെ പ്രതികരണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകന് അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമര്‍ശം. ടി.പി വധക്കേസിലെ ഒന്‍പതാം പ്രതിയായിരുന്നു സി.എച്ച് അശോകന്.


