മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആക്രോശിച്ചു. പതിവിലും രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാനില്ല. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൊച്ചിയില്‍ ഗസ്റ്റ് ഹൌസിലായിരുന്നു രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. ഗവര്‍ണറുടെ ഓഫിസിന്റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവര്‍ണര്‍ വിലക്കിയത്. ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ എന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ മാധ്യമ വിലക്ക്. കേഡര്‍ മാധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍ മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്.
മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കില്‍ താന്‍ സംസാരിക്കാതെ പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികള്‍ ഉണ്ടെങ്കില്‍ പുറത്തുപോകണമെന്ന് ആദ്യം പറഞ്ഞ ഗവര്‍ണര്‍ പിന്നീട് പലവട്ടം ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ പറഞ്ഞു. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി ക്യാംപെയ്ന് ചെയ്യുകയാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ്. അതുകൊണ്ട് ആ മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഈ നിലപാട് അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമങ്ങളുടെ പട്ടികയില്‍ കൈരളിയുടേയും മീഡിയ വണ്ണിന്റേയും പേരും ഉണ്ടായിരുന്നു. ഇന്ന് വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് മീഡിയ വണ്ണും കൈരളിയും മെയില്‍ വഴി രാജ് ഭവനിലേക്ക് റിക്വസ്റ്റ് നല്‍കിയിരുന്നു. അതിനു മറുപടിയായി ആദ്യം നോട്ടഡ് എന്ന മറുപടിയും തുടര്‍ന്ന് 8.50 ഓടെ തയാറാകാനും അറിയിപ്പ് നല്‍കിയിരുന്നു. അതായത് ഗസ്റ്റ് ഹൌസിനുള്ളിലേക്ക് വിളിച്ച ശേഷമാണ് ഗവര്‍ണര്‍ ഈ രണ്ട് മാധ്യമങ്ങളേയും പുറത്താക്കിയത്. താന്‍ ഈ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഇവരെ ക്ഷണിച്ചതില്‍ രാജ്ഭവന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
തനിക്കെതിരെ തെറ്റായി കൈരളി നല്കിയ വാര്‍ത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചാനല്‍ അത് ചെയ്തില്ലെന്നായിരുന്നു കൈരളി വിലക്കാനുള്ള ഗവര്‍ണറുടെ കാരണം. എന്നാല്‍ ഷഹബാനു കേസില്‍ തനിക്കെതിരെ വാര്‍ത്ത നല്‍കിയെന്നാണ് മീഡിയ വണ്ണിനെതിരെയുള്ള ആരോപണം.
ഗവര്‍ണറുടെ നിലപാട് തെറ്റാണെന്നും പിന്‍വലിച്ച് തിരുത്തണമെന്നും പത്രപ്രവര്‍ത്തക യൂണിയന് വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം ഉണ്ടാകാം. അതില്‍ മാധ്യമ പ്രവര്‍ത്തകരെ ഇടപെടുത്തേണ്ട കാര്യമില്ല. മാധ്യമങ്ങള്‍ അവരുടെ ജോലി ആണ് ചെയ്യുന്നത്. ഗവര്‍ണറുടെ നിലപാട് തിരുത്തണമെന്ന് രേഖാമൂലം ആവശ്യപ്പെടുമെന്നും പത്രപ്രവര്‍ത്തക യൂണിയന് വ്യക്തമാക്കി.


