സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ എം ജി സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിനി. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ജാതിവിവേചനം ആരോപിച്ച് സമരം ചെയ്യുന്ന ഗവേഷക ആരോപിക്കുന്നു. ആരോപണ വിധേയനെ നാളിതുവരെ സംരക്ഷിച്ചത് സിപിഐഎമ്മാണെന്നും സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും പരതിക്കാരി കുറ്റപ്പടുത്തി.
അതേസമയം ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി പരിശോധിക്കാന്‍ നാലംഗ സമിതിയെ എം ജി സര്‍വകലാശാല നിയോഗിച്ചു. ഗവേഷണ പുരോഗതി വിലയിരുത്താന്‍ ആറംഗ സമിതിയെയും നിയോഗിച്ചു. സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി എത്രയും പെട്ടന്ന് എംജി സര്‍വകലാശാല തീര്‍പ്പാക്കണമെന്ന് മന്ത്രി ഡോ.ആര് ബിന്ദു നിര്‍ദേശിച്ചിരുന്നു.
ഇതിനിടെ എംജി സര്‍വകലാശാല നാനോ സയന്‍സസ് സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നന്ദകുമാര്‍ കളരിക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്.
നന്ദകുമാര്‍ വിദേശത്തായതിനാലാണ് ചുമതല മാറ്റിയതെന്നാണ് സര്‍വകലാശാല വിശദീകരണം. സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു.


