ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ബിനീഷിനെ ഹാജരാക്കും. അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഇ.ഡി ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുന്നിലെത്തും.
തുടര്‍ച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഇ.ഡി കോടതിയെ അറിയിക്കും. ബിനീഷിന്റെ ഭാര്യ, ഭാര്യമാതാവ് എന്നിവര്‍ റെയ്ഡ് തടസപ്പെടുത്തിയത് വലിയ ഗൗരവത്തിലാണ് ഇ.ഡി എടുത്തിരിക്കുന്നത്. കേരളത്തില്‍ മറ്റുസ്ഥലങ്ങളില്‍ നടന്ന റെയ്ഡിന്റെ വിഷാദാംശങ്ങളും കോടതിയെ ധരിപ്പിക്കും. ഇ.ഡി. വീണ്ടും കസ്റ്റഡി ആവശ്യപ്പെടാന്‍ സാധ്യതയില്ല. അതിനിടെ ബിനീഷിന്റെ തിരുവനന്തപുരത്തെ മുഖ്യ ബെനാമി കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഒളിവില്‍ പോയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചു. അതേസമയം നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.


