കേരളത്തിനെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന വിവാദ പരാമര്‍ശവുമായാണ് പാണ്ഡെ രംഗെത്തെത്തിയത്. ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ രാകേഷ് കുമാര്‍ പാണ്ഡെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
‘നിങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ പ്രണയത്തെ ഉപയോഗിക്കുന്നതാണ് ലവ് ജിഹാദ്. അതുപോലെ നിങ്ങളുടെ പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കാന്‍ മാക്ക് നല്‍കുന്നതാണ് മാര്‍ക്ക് ജിഹാദ്. കേരള ബോര്‍ഡില്‍ നിന്ന് 100 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി സര്‍വകലാശാലയിലെ മികച്ച കോളജുകളില്‍ അഡ്മിഷന് എടുക്കുന്നു.’- രാകേഷ് കുമാര്‍ പാണ്ഡെ ട്വീറ്റ് ചെയ്തു.
ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് പാണ്ഡെയുടെ വിവാദ പരാമര്‍ശം. കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഇത്തവണ ആദ്യ കട്ടോഫില്‍ തന്നെ സര്‍വകലാശാലയില്‍ പ്രവേശനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രൊഫസര്‍ വിവാദ പരാമര്‍ശം നടത്തിയത്.
കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് ഇത്തരത്തില്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണ്. കേരളത്തില്‍ ലൗ ജിഹാദ് പോലെ മാര്‍ക്ക് ജിഹാദുമുണ്ട്. ജെഎന്‍യുവില്‍ പരീക്ഷിച്ച അതേ തന്ത്രം ഡല്‍ഹി സര്‍വകലാശാലയിലും നടപ്പിലാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും പാണ്ഡെ ടൈം ഓഫ് ഇന്ത്യയോട് പറഞ്ഞു.


