കേരളം കാത്തിരുന്ന കൊച്ചി മെട്രോ പാത ദീര്‍ഘിപ്പിക്കലിന് കേന്ദ്രത്തിന്റെ അനുമതി. കൊച്ചി മെട്രോ കലൂരില്‍ നിന്നും ഐടി ഹബ്ബായ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്കി. മൂന്ന് ദിവസം മുന്‍പ് കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു.
കലൂര്‍ – കാക്കനാട് പാതയിലെ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങും. പണമില്ലാത്തതിനാല്‍ നാലില്‍ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.
കലൂര്‍ മുതല്‍ കാക്കനാട് വരെ 11.2 കിലോമീറ്റര്‍ നീളം വരുന്നതാണ് പുതിയ മെട്രോ പാത. ഡിഎംആര്‍സിക്ക് പകരം കൊച്ചി മെട്രോ നേരിട്ടാവും പദ്ധതിയുടെ നിര്‍മ്മാണം നിര്‍വഹിക്കുക. 11 സ്റ്റേഷനുകളാണ് പാതയിലുണ്ടാവുക. 1950 കോടി രൂപയാണ് നേരത്തെയുള്ള കണക്ക് പ്രകാരം പദ്ധതിക്കായി ചിലവാക്കുക. എന്നാല്‍ പദ്ധതി നീണ്ടു പോയതിനാല്‍ ചിലവാക്കേണ്ട തുകയിലും മാറ്റം വരും.
കലൂര്‍ സ്റ്റേഡിയം- പാലാരിവട്ടം സിവില്‍ ലൈന്‍ റോഡിലൂടെ ബൈപാസ് കടന്ന് ആലിന്‍ചുവട്, ചെമ്പ്മുക്ക്, വാഴക്കാല, പടമുകള്‍, ലിങ്ക് റോഡിലൂടെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി ഈച്ചമുക്ക്, ചിത്തേറ്റുകര, ഐ.ടി. റോഡ് വഴി ഇന്‍ഫോപാര്‍ക്ക് വരെ നീളുന്നതാണ് നിര്‍ദിഷ്ട കലൂര്‍ – ഇന്‍ഫോപാര്‍ക്ക് പാത.
കൊച്ചി മെട്രോ പ്രഖ്യാപിച്ചപ്പോള്‍ തന്നെ രണ്ടാം ഘട്ടത്തിനും അംഗീകാരം കിട്ടിയിരുന്നു. എന്നാല്‍ കേന്ദ്ര ക്യാബിനറ്റ് അനുമതി നല്‍കാത്തതാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തിരിച്ചടിയായത്. വൈകിയെങ്കിലും പ്രധാനമന്ത്രി നേരിട്ട് കൊച്ചിയിലെത്തി ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി പിന്നാലെ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരവും നല്കി.


