പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതല്‍ നടപ്പാക്കിയേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. പശ്ചിമ ബംഗാളില്‍ വെച്ചാണ് ബിജെപി നേതാവിന്റെ പ്രഖ്യാപനം. പശ്ചിമ ബംഗാളിലെ വലിയ അഭയാര്‍ഥി ജനവിഭാഗത്തിന് പൗരത്വം നല്കാന് കേന്ദ്രവും ബി.ജെ.പിയും താല്പര്യപ്പെടുന്നതിനാല് അടുത്ത വര്‍ഷം ജനുവരി മുതല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നാണ് കൈലാഷ് വിജയവര്‍ഗിയ വ്യക്തമാക്കിയത്. സംസ്ഥാനത്തെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് ബിജെപിയുടെയും കേന്ദ്രത്തിന്റെയും ലക്ഷ്യമെന്നും കൈലാഷ് പറഞ്ഞു. അഭയാര്‍ഥി പ്രശ്നം ഏറെ ചര്‍ച്ച ചെയ്യുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഇവിടെ മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
”വരുന്ന ജനുവരി മുതല്‍ അഭയാര്‍ത്ഥികള്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്‍കിത്തുടങ്ങാമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങളില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുക എന്ന സത്യസന്ധമായ ഉദ്ദേശ്യം വെച്ചിട്ടാണ് കേന്ദ്രം പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയത്.”- വിജയവര്‍ഗിയ പറഞ്ഞു.
അതേസമയം, ബംഗാള്‍ ജനതയെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. രാജ്യത്ത് കൊവിഡ് ഭീഷണി ഒഴിയുമ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറില്‍ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷാ നിലപാട് വ്യക്തമാക്കിയത്. മമത ബാനര്‍ജിയെ താഴെയിറക്കി പശ്ചിമ ബംഗാളില്‍ ബിജെപി ഭരണം നിലവില്‍ വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.