മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷിനെതിരെ കൂടുതല്‍ ആരോപണം. തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും പ്രതി സന്തോഷാണെന്നാണ് പൊലീസിന്റെ സംശയം. ഇത് സംബന്ധിച്ച് തൊടുപുഴ പൊലിസ് മ്യൂസിയം പൊലിസുമായി ബന്ധപ്പെട്ടു. മ്യൂസിയം പൊലിസ് ഇയാളുടെ ചിത്രങ്ങള്‍ കൈമാറി.
കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറുടെതായിരുന്നു പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ 2021 ഡിസംബര്‍ ആറിന് ആയിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടര്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലന്ന് തൊടുപുഴ ഡിവൈഎസ്പി മധുബാബു പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പ്രതി പാതി മുഖം മറച്ചത് അന്വേഷണത്തിന് തടസ്സമായി. ചിത്രം വരച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മ്യൂസിയം കേസ് ശ്രദ്ധയില്‍പ്പെട്ടതെന്നും അതുകൊണ്ടാണ് മ്യൂസിയം പൊലീസിനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതൊന്നും തൊടുപുഴ ഡിവൈഎസ്പി വ്യക്തമാക്കി.
അതേസമയം സന്തോഷിനെ മ്യൂസിയം പരിസരത്ത് സ്ത്രീയെ ആക്രമിച്ച സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മ്യൂസിയത്തിനകത്തെത്തിയാണ് പൊലീസ് പ്രതിയുമായി പരിശോധന നടത്തിയത്. കുറവന്‍കോണത്ത് സ്ത്രീയുടെ വീട്ടില്‍ കയറിയതിനും സന്തോഷിനെതിരെ കേസുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ആയിരുന്നു സന്തോഷ്.
ഇതിനെല്ലാം പുറമെ പേരൂര്‍ക്കടയില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ ആക്രമിച്ചതും മ്യൂസിയം കേസിലെ പ്രതി സന്തോഷ് തന്നെയെന്ന് തെളിഞ്ഞു. വിരലടയാള പരിശോധനയിലാണ് സന്തോഷ് തന്നെയാണ് മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് തെളിഞ്ഞത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. നഗരത്തില്‍ പഠനാവശ്യത്തിനെത്തിയ പെണ്‍കുട്ടി, താമസിക്കുന്ന സ്ഥലത്താണ് പ്രതി അതിക്രമിച്ച് കയറിയത്.
വീട്ടില്‍ കയറിയ ഇയാള്‍ യുവതിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡിസംബറില്‍ പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. എന്നാല്‍ ശാസ്ത്രീയമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം, മാധ്യമങ്ങളില്‍ മ്യൂസിയം കേസില്‍ കസ്റ്റഡിയിലുളള സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി ഇയാളാണ് തന്റെ വീട്ടിലും അതിക്രമിച്ച് കയറിയതെന്ന് സംശയിക്കുന്നതായി പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിരല്‍ അടയാള പരിശോധനയിലാണ് പ്രതി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മ്യൂസിയത്തിനുള്ളില്‍ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നടത്തിയ അന്വേഷണമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍, സന്തോഷിലേക്ക് എത്തിയത്.


