എംജി സര്‍വകാലാശാലയില്‍ ജാതി വിവേചനം നേരിട്ടെന്ന പരാതിയില്‍ ഉറച്ച് ഗവേഷക ദീപ പി മോഹന്‍. ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല. സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും ദീപ പറഞ്ഞു.
ഉറപ്പുകള്‍ മാത്രം പോര ഗവേഷണ സ്ഥാപനത്തില്‍ നിന്ന് നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കുന്നതുവരെ സമരം ചെയ്യും. സ്റ്റാട്യൂട്ടിന് വിരുദ്ധമായി നന്ദകുമാറും വിസി സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാന്‍ സാബു തോമസ് തയ്യാറാകാത്തത്. ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും മന്ത്രിക്ക് ഇത് കൈമാറാന്‍ തയ്യാറാണെന്നും ദീപ പറഞ്ഞു.
അധ്യാപകനെ മാറ്റി നിര്‍ത്താന്‍ തടസമെന്തെന്ന് സര്‍വകലാശാലയോട് വിശദീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ഥിനിയുടെ ആരോഗ്യ നിലയില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. വിദ്യാര്‍ത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും.
ആരോപണ വിധേയനായ അദ്ധ്യാപകനെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.


