കടകളിലെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പിന്‍വലിക്കില്ലന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ രോഗവ്യാപനം തടയാനെന്നും ജാഗ്രത കൈവിട്ടാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ രോഗികള്‍ ഇരട്ടിയാകുമെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു. പൊലീസിനെ കയറൂരി വിട്ട് ജനങ്ങളെ പിഴിയുന്നത് പെറ്റി സര്‍ക്കാരെന്ന് വിളിപ്പേരിനിടയാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കടകളില്‍ പ്രവേശിക്കാന്‍ വാക്സിനേഷന്റെയോ ആര്.ടി.പി.സി.ആര് പരിശോധനയുടെയോ സര്ട്ടിഫിക്കറ്റന്ന നിബന്ധന തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നത്. അശാസ്ത്രീയവും വിചിത്രവുമായ നടപടിയെന്നായിരുന്നു ആക്ഷേപം. വളരെയധികം ആലോചിച്ചെടുത്ത തീരുമാനമെന്നാണ് ആരോഗ്യ മന്ത്രി നിബന്ധനകളെ വിശേഷിപ്പിച്ചത്.
പിന്‍വലിക്കില്ല എന്നതിന്റെ കാരണമായി പറഞ്ഞത് മൂന്ന് കാര്യങ്ങള്‍. വകഭേദം വന്ന വൈറസുകളുടെ ഭീഷണി തുടരുന്നു. വാക്സിനേഷന് പൂര്‍ത്തിയാവും മുന്‍പ് മൂന്നാം തരംഗമെത്തിയാല് ചികിത്സ സൗകര്യം പോലുമില്ലാത്ത പ്രതിസന്ധിയാകും. ഇളവുകള്‍ക്കെതിരെ സുപ്രീം കോടതി വിമര്‍ശനമുണ്ട്. അതിനാല്‍ പ്രതിപക്ഷം സഹകരിക്കണമെന്നും ആവശ്യം.
നിബന്ധനകളുടെ അപ്രായോഗികതയെക്കുറിച്ച് മന്ത്രി മറുപടി പറയാതിരുന്നതോടെ പ്രതിപക്ഷ നേതാവ് വിമര്‍ശനം കടുപ്പിച്ചു. പെണ്‍കുട്ടികളെപ്പോലും ചീത്ത വിളിക്കാന്‍ അധികാരം നല്കി പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. രൂക്ഷ വിമര്‍ശനമായിട്ടും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ സമയം വെട്ടിക്കുറച്ച സ്പീക്കര്‍ നടപടി ബഹളത്തിനിടയാക്കി.


