ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന വിശദീകരണയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊച്ചിയിലെത്തും. കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന ആരോപണമാണ് ഇതിനെതിരേ പ്രതിപക്ഷം ഉയര്‍ത്തുന്നത്.
കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ന് എറണാകുളം ടിഡിഎം ഹാളില്‍ യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
രാവിലെ 11 മണിക്കാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം, സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ആവര്‍ത്തിച്ചു. സര്‍വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ എറണാകുളം ജില്ലയിലെ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളില്‍ ജനരോഷമുയരുന്നുണ്ട്. സര്‍വ്വേക്കായി എത്തുന്നവരെ വീട്ടുവളപ്പില്‍ കയറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.


