തൃശൂര്‍ അമ്മാടത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- സി.പി.ഐ.എം സംഘര്‍ഷം, സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചു. സംഘര്‍ഷത്തിനിടെ സിഐയ്ക്ക് പരുക്കേറ്റിരുന്നു.
തൃശൂര്‍ പാറളത്ത് പഴയ കള്ളുഷാപ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കോണ്‍ഗ്രസ്- സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഇരുമുന്നണികളുടേയും പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. സി.പി.ഐ.എം സ്ഥാപിച്ച ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് സി.പി.ഐഎം ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെ സി.പിഐ.എം പ്രവര്‍ത്തകര്‍ എതിര്‍ത്തുവെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
ഇരു കൂട്ടരേയും സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് ചേര്‍പ്പ് സി.ഐക്ക് പരുക്കേറ്റത്. പാറളം പഞ്ചായത്തിലെ എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളിലാണ് എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും തെരഞ്ഞെടുപ്പ് ബോര്‍ഡുകള്‍ ഏറെയും നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.