ഹിമാചല്‍ പ്രദേശില്‍ അധികാര തുടര്‍ച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയോര മേഖലയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് സുസ്ഥിരമായ സര്‍ക്കാര്‍ അനിവാര്യമാണ്. 25 വര്‍ഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകുമെന്നും മോദി. മാണ്ഡി ജില്ലയിലെ സുന്ദര്‍നഗറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത്തവണത്തെ ഹിമാചല്‍ തെരഞ്ഞെടുപ്പിന് പ്രത്യേകതയുണ്ട്. നവംബര്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് വരുന്ന അഞ്ച് വര്‍ഷത്തേക്ക് മാത്രമല്ല, ഓരോ വോട്ടും അടുത്ത 25 വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വികസന യാത്രയെ നിര്‍വചിക്കും’ പ്രധാനമന്ത്രി പറഞ്ഞു. ‘ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കി. ഹിമാചല്‍ പ്രദേശിനെ സംബന്ധിച്ചടത്തോളം അടുത്ത 25 വര്‍ഷം വളരെ നിര്‍ണായകമാണ്.’ മോദി കൂട്ടിച്ചേര്‍ത്തു.
ഹിമാചല്‍ പ്രദേശില്‍ ദ്രുതഗതിയിലുള്ള പുരോഗതിയും സുസ്ഥിരമായ ഒരു സര്‍ക്കാരും കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, ഹിമാചല്‍ പ്രദേശിലെ ജനങ്ങളും യുവാക്കളും അമ്മമാരും സഹോദരിമാരും ഇത് നന്നായി മനസ്സിലാക്കിയതില്‍ സന്തോഷമുണ്ടെന്നും പ്രതികരിച്ചു.


