ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. ഇന്നലെ രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത്.
അതേസമയം ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇഡിയുടെ കൈവശമുള്ള ചില രേഖകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തതല്ലെന്ന് ബിനീഷിന്റെ കുടുംബം പറയുന്നു. ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം. ബിനീഷിന്റെ ബന്ധുക്കള്‍ റെയ്ഡ് നടക്കുന്ന വീട്ടിലെത്തി ഉദ്യോഗസ്ഥരോടെ കയര്‍ത്തു. ബിനീഷിന്റെ അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടിലെത്തിയത്. വീട്ടുകാരെ കണ്ടില്ലെങ്കില്‍ സത്യഗ്രഹമിരിക്കുമെന്ന് ബന്ധുക്കള്‍. ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണം വീടിനകത്തെത്തിച്ചു.
ബന്ധുക്കളെ വീട്ടില്‍ കടക്കുന്നതിന് നിന്ന് തടഞ്ഞു. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബിനീഷിന്റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ഗേറ്റിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരിക്കുകയാണ്.
അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് അടക്കം കണ്ടെത്തിയ വസ്തുക്കള്‍ ഇഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നു. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. രാത്രി 11: 30 ഓടെ അസ്വ മുരുകുമ്പുഴ വിജയകുമാര്‍ ഇ ഡിക്കെതിരെ രംഗത്തെത്തി. പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചു. ഇന്ന് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ കേരളത്തിലെ ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്കി. ബിനീഷിന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ ഇന്ന് ഹാജരാകും.


