കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശിലെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ചിത്ര വാഘ്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത്. ഹാഥ്റസിലേക്കുള്ള യാത്രമധ്യേയാണ് ദില്ലി- യുപി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് പ്രിയങ്കയുടെ കുപ്പായത്തില്‍ പിടിച്ചത്.
‘ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു. ഇന്ത്യന്‍ സംസ്കാരത്തില്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാരനെതിരെ നടപടിയെടുക്കണം’-ചിത്ര ട്വീറ്റ് ചെയ്തു.
ഹാഥ്റസിലേക്കുള്ള യാത്രക്കിടെയാണ് യു.പി പൊലീസ് പ്രിയങ്കയെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. പ്രിയങ്കയുടെ കുര്‍ത്തയില്‍ പിടിച്ച പൊലീസുകാരന്റെ ദൃശ്യം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ചിത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.
പൊലീസുകാര്‍ അവരുടെ പരിധി മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. ഒരു വനിതാ നേതാവിനോട് ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു? ഇന്ത്യന്‍ സംസ്കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ് ഇത്തരം പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ചിത്ര ട്വീറ്റില്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം എന്‍സിപി വിട്ട് ബിജെപിയിലെത്തിയ നേതാവാണ് ചിത്ര വാഘ്. ചിത്രയുടെ നിലപാടിനെ മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. പാര്‍ട്ടി മാറിയെങ്കിലും ചിത്ര മൂല്യങ്ങള്‍ മറന്നില്ലെന്ന് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജിത്ത് താമ്പെ പ്രതികരിച്ചു.
പ്രിയങ്കയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഗൗതം ബുദ്ധ നഗര്‍ പൊലീസ് ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.


