നിപ പ്രതിരോധത്തിനുള്ള കര്‍മ്മ പദ്ധതി തയാറാക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശനിയാഴ്ച രാത്രി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രോഗ വ്യാപനം തടയുന്നതിനുനുള്ള ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിപയെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടാവില്ല. നിലവില്‍ ആശങ്കക്ക് വകയില്ല. ജില്ലയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിപയെ നേരിടാന്‍ സജ്ജരാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ ചികിത്സാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇതുവരെ മറ്റ് ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും എന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിപ പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഇന്ന് യോഗം ചേരും.


