കുട്ടനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍. സീറ്റിനായി കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. ഇതുസംബന്ധിച്ച് മുന്നണിയില്‍ നേരത്തെ തന്നെ ധാരണയായതാണ്. വിപ്പ് ലംഘന പരാതിയില്‍ സ്പീക്കര്‍ക്ക് നിയമാനുസൃതമായേ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി കൈകള്‍ കെട്ടപ്പെട്ട ചെയര്‍മാനാണ്. സ്റ്റിയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും, ജോസിന് ശിക്ഷ ഉറപ്പെന്നും പി.ജെ. ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. കുട്ടനാട്ടിലെ സീറ്റ് തര്‍ക്കം പരിഹരിക്കാനുള്ള പ്രാപ്തി ഐക്യജനാധിപത്യ മുന്നണിക്ക് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു. കേരള കോണ്‍ഗ്രസ് തര്‍ക്കം വൈകാതെ പരിഹരിക്കപ്പെടും. മികച്ച വിജയമാണ് മുന്നണി കുട്ടനാട്ടില്‍ ലക്ഷ്യമിടുന്നതെന്നും ലിജു ആലപ്പുഴയില്‍ പറഞ്ഞു.
അതേസമയം കേരള കോണ്‍ഗ്രസില്‍ കൂറുമാറ്റ വിഷയം വന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിധിയും കണക്കിലെടുത്താകും തീരുമാനമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. വിപ്പ് ലംഘനം സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍. അറിയിച്ചത് വിപ്പ് നല്കുന്ന കാര്യം മാത്രമാണ്. കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ സ്പീക്കറുടെ നിലപാടാകും നിര്‍ണായകം. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷ പ്രകാരം സ്പീക്കറുടെ നിലപാട് അനുകൂലമാവുമെന്നാണ് പിജെ ജോസഫ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്പീക്കറുടെ വെളിപ്പെടുത്തല്‍ ജോസ് കെ മാണി പക്ഷത്തിന് ആശ്വാസവും ജോസഫ് പക്ഷത്തിന് തിരിച്ചടിയുമായി.
എന്‍സിപി നേതൃത്വം പറഞ്ഞാല്‍ കുട്ടനാട്ടില്‍ മത്സരിക്കാന്‍ തയ്യാറെന്ന് തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസ്. സിപിഎമ്മിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ട്. തോമസ് ചാണ്ടിയുടെ കുടുംബത്തിന്റെ താല്പര്യം നേരത്തേ തന്നെ എന്‍സിപി നേതൃത്വത്തെ അറിയിച്ചതാണ്. എന്‍സിപിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.


