സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചപ്പോള്‍ ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലാണ് അവധി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കാസര്‍ഗോട് ജില്ലകളിലെ ചില താലുക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വയനാട്ടില്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമല്ല. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഒരു തരത്തിലുമുള്ള അവധി പ്രഖ്യാപിച്ചിട്ടില്ലാത്തത്.


