ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് തോല്‍വി. റഷ്യന്‍ താരം സൗര്‍ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാര്‍ കീഴടങ്ങിയത്. ഇതോടെ താരം വെള്ളി മെഡല്‍ നേടി. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യക്കായി വെള്ളി നേടിയത്.
രണ്ട് തവണ ലോക ചാമ്പ്യന്‍ 2 പോയിന്റിനു മുന്നിലെത്തിയ റഷ്യന്‍ താരത്തിനിനെതിരെ 2 പോയിന്റുകള്‍ നേടി രവി തിരികെ വന്നെങ്കിലും അടുത്ത നീക്കത്തില്‍ രണ്ട് പോയിന്റുകള്‍ നേടിയ ഉഗുയേവ് രണ്ടിനെതിരെ 4 പോയിന്റുകള്‍ക്ക് മുന്നിലെത്തി. രണ്ടാം ഘട്ടത്തില്‍ യുഗുയേവ് ഒരു പോയിന്റ് കൂടി നേടി ലീഡ് വര്‍ധിപ്പിച്ചു. മത്സരത്തിലേക്ക് തിരികെ വരാന്‍ രവി കുമാര്‍ ശ്രമിച്ചെങ്കിലും രണ്ട് പോയിന്റുകള്‍ കൂടി നേടിയ റഷ്യന്‍ താരം അഞ്ച് പോയിന്റ് ലീഡ് നേടി കളിയില്‍ ആഥിപത്യം നേടി. എന്നാല്‍ തിരികെ വന്ന രവി 2 പോയിന്റുകള്‍ കൂടി സ്വന്തമാക്കി 4-7 എന്ന നിലയിലെത്തിച്ചു. അവസാന നിമിഷങ്ങളില്‍ രവി കുമാര്‍ ജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും റഷ്യന്‍ താരത്തിന്റെ പ്രതിരോധം ഭേദിക്കാനായില്ല.
സെമിഫൈനലില്‍ കസാക്കിസ്ഥാന്‍ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്. 9-1 എന്ന നിലയില്‍ പിന്നിലായിരുന്ന രവി കുമാര്‍ തിരികെ വന്ന് സ്കോര്‍ 9-7 എന്ന നിലയിലെത്തിച്ചു. അവസാന മിനിട്ടില്‍ എതിരാളിലെ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയന്‍ താരം ജോര്‍ജി വാംഗെലോവിനെ കീഴടക്കിയാണ് രവി കുമാര്‍ സെമിയിലെത്തിയത്.


