പുതുക്കിയ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും ഇന്നു മുതല്‍ പ്രാബല്യത്തില്‍. ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാം. വാക്സിനേഷന് എടുത്തവര്‍, ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോവിഡ് വന്നു ഒരു മാസത്തിനുള്ളില്‍ ഭേദമായവര്‍ എന്നിവര്‍ക്കാണ് കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്.
രോഗസ്ഥിരീകരണ നിരക്ക് അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ക്കു പകരം പഞ്ചായത്തുകളിലെ ജനസംഖ്യയില്‍ രോഗികളുടെ അനുപാതം കണക്കാക്കിയുള്ള നിയന്ത്രണങ്ങളാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരിക. പഞ്ചായത്തുകളില്‍ ആയിരം ആളുകളില്‍ പത്തു പേര്‍ക്ക് രോഗം ഉണ്ടെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാകും ഉണ്ടാകുക. എല്ലാ ബുധനാഴ്ചകളിലും അനുപാതം പുനര്‍ നിര്‍ണയിക്കും.
കടകള്‍, ചന്തകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, എന്നിവ ആഴ്ചയില്‍ 6 ദിവസവും തുറക്കാം. രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം. ഒരു ഡോസ് വാക്സിന് എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസത്തിനു മുന്‍പ് കോവിഡ് വന്നു രോഗം ഭേദമായ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെയും കടകളില്‍ കൊണ്ടു പോകാം.
എല്ലാ കടകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ജീവനക്കാരുടെ കോവിഡ് പ്രതിരോധ വാക്സിനേഷന് വിവരങ്ങളും ഒരു സമയത്ത് എത്ര പേരെ അനുവദിക്കുമെന്നതും പ്രദര്‍ശിപ്പിക്കണം. കടകള്‍ക്കുള്ളിലും, പുറത്തും തിരക്ക് ഒഴിവാക്കുന്നതിന്റെ ഉത്തരവാദിത്തം കടയുടമകള്‍ക്കാണ്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താം.
തുറസ്സായ പ്രദേശങ്ങളിലും, വാഹനത്തിനുള്ളിലും, പാര്‍ക്കിങ് പ്രദേശങ്ങളിലും അകലം പാലിച്ച് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ട്. ഓണ്‍ലൈന്‍ ഡെലിവറിക്കു മാത്രമായി മാളുകള്‍ തുറക്കാം. ബാങ്കുകള്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തനാനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍, കമ്പനികള്‍ എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം.


