ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ ഫിഷറീസ്, സഹകരണ വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിയുടെ പ്രസ്താവന ഗൗരവത്തോടെ കാണുന്നു. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന മന്ത്രിയുടെ പ്രസംഗം പരിശോധിക്കും. വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പത്തനംതിട്ടയിലെ മല്ലപ്പളളിയില് നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു സജി ചെറിയാന് പറഞ്ഞത്. ബ്രിട്ടീഷുകാരന് പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊളളയടിക്കുന്നതാണ്.
തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണെന്നും സജി ചെറിയാന് ആരോപിച്ചു.
ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന് കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമായത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്.
എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. തൊഴിലാളികള്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്കുന്നുണ്ടോ. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്. എന്നും സജി ചെറിയാന് വിമര്‍ശിച്ചു.


