സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ അതിദരിദ്രര്‍ക്കും കാര്‍ഡ് അനുവദിച്ചു നല്കാന് നടപടികള്‍ ഊര്‍ജിതമാക്കി. ജനുവരി ആദ്യവാരത്തോടെ എല്ലാവര്ക്കും കാര്‍ഡ് ലഭ്യമാക്കും. ഇതിനുള്ള നടപടികള്‍ ഡിസംബര്‍ 31-നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി ജിആര്‍ അനില്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
റേഷന്‍ കാര്‍ഡില്ലാത്ത 7181 അതിദരിദ്രര്‍ സംസ്ഥാനത്തുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തിയത്. ഇതില്‍ ആധാര്‍ കാര്‍ഡുള്ള 2411 പേര്‍ക്ക് റേഷന്‍കാര്‍ഡ് ഇല്ലെന്നും 4770 പേര്‍ക്ക് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഇല്ലെന്നും കണ്ടെത്തി. ആധാര്‍ കാര്‍ഡ് ഉണ്ടായിട്ട് റേഷന്‍ കാര്‍ഡ് ഇല്ലാത്ത 867 പേര്‍ക്ക് പുതിയ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. മരണപ്പെട്ടതും സ്ഥലത്തില്ലാത്തതുമൊഴികെയുള്ള ബാക്കി 153 പേര്‍ക്കും ഉടന്‍ കാര്‍ഡ് അനുവദിക്കും.
ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഇല്ലാത്ത 191 പേര്‍ക്ക് രണ്ട് കാര്‍ഡുകളും അനുവദിച്ച് നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് അനുവദിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതുകൊണ്ട് ഓരോ ജില്ലകളിലും ക്യാമ്പുകള്‍ നടത്തി അതിദരിദ്രര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കും. ആവശ്യമായ രേഖകളില്ലാത്തവര്‍ക്ക് സമയബന്ധിതമായി രേഖകള്‍ അനുവദിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
റേഷന്‍ കാര്‍ഡ് നല്‍കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ക്രമീകരിച്ചു. ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെയാണ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയത്. രാവിലെ എട്ടു മുതല്‍ ഒന്ന് വരെയും ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ ഏഴ് വരെയുമായിരിക്കും റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം.