സൗദിയില്‍ വാഹനാപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുമലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും കുടുംബവുമാണ് മരിച്ചത്. ദമാമില്‍ നിന്ന് ജിസാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി മുഹമ്മദ് ജാബിര്‍(44), ഭാര്യ ഷബ്ന (36), മക്കളായ ലൈബ(7), സഹ(5), ലുതുഫി എന്നിവരാണ് മരിച്ചത്. മൃതദേഹം ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിനടത്തു ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവര്‍.
പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങള്‍ അയച്ചിരുന്നു. വസ്തുക്കള്‍ അവിടെ എത്തിയിട്ടും കുടുംബം എത്തിയില്ല. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ കുടുംബത്തെ കാണാതായി വാര്‍ത്ത പരന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റിയാദില്‍ നിന്നും 198 കിലോമീറ്റര്‍ അകലെയുള്ള അല്‍ റൈനില്‍ അപകടം നടന്നിരുന്നതായി അറിയുന്നത്. അപകടത്തില്‍ പെട്ടത് ഇവരാണെന്നും തിരിച്ചറിഞ്ഞു. അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വാഹനം ഓടിച്ചിരുന്നത് ജാബിറായിരുന്നു. ജാബിറിന്റെ കുടുംബങ്ങള്‍ സൗദി അറേബ്യയിലുണ്ട്. വിവരം അറിഞ്ഞ് അവര്‍ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.


