കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഭേദഗതികള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല പറഞ്ഞു. അതേസമയം, ദേശീയപാതകള്‍ ഉപരോധിച്ചുള്ള കര്‍ഷക സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നതോടെ ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമം നേരിട്ട് തുടങ്ങി.
താങ്ങുവില ഉറപ്പു നല്‍കുന്നതിന് പുറമേ കോര്‍പ്പറേറ്റുകള്‍ അടക്കമുള്ളവരോടുള്ള തര്‍ക്ക പരിഹാരത്തിന് കര്‍ഷകര്‍ക്ക് സിവില്‍ കോടതിയില്‍ അനുവദിക്കാമെന്നും കാര്ഷികച്ചന്തകളില് ലെവി പിരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സ്വകാര്യച്ചന്തകളിലും ഏര്‍പ്പെടുത്താമെന്നും വിപണത്തിന് കര്‍ഷകര്‍ പാന്‍ കാര്‍ഡ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്നും ഭേദഗതികളായി സര്‍ക്കാര്‍ മുന്നോട്ടുവച്ചു. എന്നാല്‍ ഇതിനോട് വഴങ്ങാന്‍ കര്‍ഷക സംഘടനകള്‍ തയാറായിട്ടില്ല. ദേഭഗതിയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെങ്കില്‍ നാളത്തെയും ചര്‍ച്ചയും പരാജയപ്പെടുമെന്ന് കിസാന്‍സഭ ജനറല്‍സെക്രട്ടറി പറഞ്ഞു.
കര്‍ഷക സംഘടനകളുടെ ഉപരോധത്തില്‍ ഡല്‍ഹിയിലെ സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുന്നത് രാജ്യതലസ്ഥാനത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവ് തടസപ്പെടുത്തി. ദിവസം 12000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിയിരുന്ന ആസാദ്പുര്‍ മണ്ഡിയില്‍ ഇപ്പോള്‍ ആറായിരം ടണ്‍ മാത്രമാണ് എത്തുന്നത്.


