സ്വന്തം മണ്ഡലത്തിലെ കര്‍ഷകരെ മറന്ന രാഹുല്‍ ഗാന്ധിയാണ് രാജ്യത്തെ കര്‍ഷകരെക്കുറിച്ച് കണ്ണീരൊഴുക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്. വയനാടുപോലെ കാര്‍ഷിക പ്രാധാന്യമുളള മേഖലയില്‍ എം പിയായി വന്നിട്ട് കര്‍ഷകര്‍ക്കായി എന്തുചെയ്തുവെന്ന് രാഹുല്‍ ഗാന്ധി ആദ്യം വ്യക്തമാക്കണം. യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നുനിന്ന് സ്വപ്നലോകത്തിരുന്ന് എന്തൊക്കെയോ പുലമ്പുകയാണ് രാഹുല്‍ ഗാന്ധി. ഇടനിലക്കാരില്‍ നിന്ന് കര്‍ഷകരെ സ്വതന്ത്രരാക്കുന്ന കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നത് വഴി വയനാട്ടിലെ കര്‍ഷകരെക്കൂടിയാണ് രാഹുല്‍ ഗാന്ധി ചതിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ട കോണ്‍ഗ്രസ് നിരാശ മൂത്ത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്നും വി. മുരളീധരന് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ പരമ്പരാഗതമായി തുടരുന്ന കാര്‍ഷിക വിപണന മാതൃക രാജ്യവ്യാപകമാക്കുന്നതിനെ സിപിഎം എന്തിനാണ് എതിര്‍ക്കുന്നത് ? എ പി എം സി നിയമം പ്രസക്തമല്ലാത്ത കേരളത്തില്‍, ഇവിടെ നിന്നുളള സിപിഎം എംപിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും കാട്ടിയ സമരപ്പേക്കൂത്ത് ഏത് ഇടനിലക്കാരന്റെ തിരക്കഥയാണ്? ലൈഫ് മിഷന് ഇടപാടിലും സ്വര്‍ണക്കളളക്കടത്തിലും അടക്കം കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ ഇടനിലക്കൊയ്ത്ത് പുറത്തുവന്നപ്പോള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുളള ആസൂത്രിത തന്ത്രമാണ് ഇപ്പോഴത്തെ പ്രക്ഷോഭമെന്നും വി. മുരളീധരന് പറഞ്ഞു. മുഖംമൂടികള്‍ ഒന്നൊന്നായി അഴിഞ്ഞുവീണതോടെ മുഖം നഷ്ടപ്പെട്ട സിപിഎം അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ കപട കര്‍ഷക സ്നേഹവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കര്‍ഷകരുടെ അധ്വാനത്തിന് അവരര്‍ഹിക്കുന്ന പ്രതിഫലം ഉറപ്പാക്കാനാണ് കാര്‍ഷിക മേഖലയിലെ പരിഷ്കാരങ്ങള്‍. കൃഷിയില്‍ നിന്ന് അകന്നുപോകുന്ന യുവതലമുറയെ അതിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മോദി സര്‍ക്കാര്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കര്ഷകന് കിട്ടേണ്ട ലാഭത്തെ യാതൊരു തരത്തിലും ബാധിക്കില്ല എന്നുറപ്പാക്കുകയാണ് ഈ നിയമത്തിന്റൈ കാതല്‍. ഇതുവഴി സംസ്ഥാനത്തിനകത്തോ പുറത്തോ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്കാകും. കൃത്യസമയത്ത് ഉത്പന്നത്തിന്റെ വില കര്‍ഷകന്റെ കൈയ്യില്‍ എത്തുന്നു എന്നത് മാത്രമല്ല ഏറ്റവും പുതിയ സാങ്കേതിക വിദ്യ, മികച്ച വിത്തുകള്‍ ഇവയൊക്കെ ലഭിക്കാനുളള സൗകര്യം കൂടി പുതിയ സമ്പ്രദായം വഴി കിട്ടുകയാണ്.
ആറുപതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രിന് ഇല്ലാതെ പോയ രാഷ്ട്രീയ ഇച്ഛാശക്തി ആറുവര്‍ഷത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ കാട്ടിയതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. യുപിഎ കാലത്ത് ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ എ പി എം സി നിയമം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടവരാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയവര്‍ പിന്നീടെന്തേ മലക്കം മറിഞ്ഞു ? എ പി എം സികളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ കര്ഷകന് പ്രാധാന്യം കിട്ടുന്ന വിധം വിപണിയെ കൊണ്ടുവന്നു എന്നുളളതാണ് ഇപ്പോഴത്തെ പരിഷ്കാരത്തിന്റെ മെച്ചമെന്നും വി.മുരളീധരന് പറഞ്ഞു.


