സംസ്ഥാനത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന് എം എം ഹസ്സന്. സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാത്രമാണ് സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്ന് ഹസ്സന് ആരോപിക്കുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ വല്ക്കരിച്ചതോടെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയതെന്ന് ഹസ്സന് പറഞ്ഞു.
പ്രതിപക്ഷം സമരങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് വിശദമാക്കിയ ഹസ്സന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം തുടരുമെന്ന് അറിയിച്ചു. അഞ്ച് പേര് വീതം പങ്കെടുക്കുന്ന സമരം നിയോജക മണ്ഡലങ്ങളില്‍ നടക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിക്കുന്നത്. ബിജെപി സിപിഎം ധാരണ സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ പുതിയ യുഡിഎഫ് കണ്‍വീനര്‍ മോദിക്കെതിരെ ഒരു വാക്ക് പോലും പിണറായി പറയുന്നില്ലെന്നും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് രാജഭക്തിയാണെന്നും ഹസ്സന് പരിഹസിച്ചു.
രാത്രിയുടെ ഇരുട്ടില്‍ സി പി എമ്മും ബി ജെ പിയും ഭായി ഭായി ആണെന്ന് ആരോപിച്ച ഹസ്സന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും പരിഹസിച്ചു. ആടറിയുന്നോ അങ്ങാടി വാണിഭം എന്നതു പോലെയാണ് കെ സുരേന്ദ്രന്റെ അവസ്ഥയെന്നും ബിജെപി സിപിഎം ധാരണയെ പറ്റി സുരേന്ദ്രന് ഒന്നും അറിയുന്നില്ലെന്നും ഹസ്സന് കൂട്ടിച്ചേര്‍ത്തു


