തിരുവനന്തപുരത്ത് കോവിഡ് രോഗിയെ പുഴുവരിച്ചതില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കും. എറണാകുളത്തും തൃശൂരും സ്ഥാനമൊഴിഞ്ഞ നോഡല്‍ ഓഫീസര്‍മാര്‍ രാജി പിന്‍വലിച്ചു. മൂന്നുപേരുടെ സസ്പെന്ഷ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തുന്ന റിലേ സത്യാഗ്രഹം തുടരുന്നു. മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി.
ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘടനകള്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ നേത്യത്വത്തിലുള്ള റിലേനിരാഹാരസമരം രണ്ടാം ദിവസവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. ഇന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൊവിഡ് ഇതര ഡ്യൂട്ടികള്‍ ബഹിഷ്കരിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം.
കോവിഡ് രോഗിയെ പുഴുവരിച്ചതില്‍ മെഡിക്കല്‍ കോളജിലെ കോവിഡ് നോഡല്‍ ഓഫീസറേയും രണ്ട് ഹെഡ് നഴ്സുമാരേയും സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിപ്പിക്കാനാണ് ഡോക്ടര്‍മാരുടെ സമര ഭീഷണി. തിങ്കളാഴ്ച രാവിലെ 2 മണിക്കൂര്‍ ഒ പി ബഹിഷ്കരിക്കും. ചൊവ്വാഴ്ച മുതല്‍ കോവി ഡ് ഇതര ഡ്യൂട്ടി കളും അധ്യാപനവും. അത്യാഹിത വിഭാഗങ്ങള്‍ക്ക് മുടക്കമില്ല. എന്നാല്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
എറണാകുളത്തും തൃശൂരും സ്ഥാനമൊഴിഞ്ഞ നോഡല്‍ ഓഫീസര്‍മാര്‍ ഇന്നലെ വൈകിട്ടോടെ നടപടി പിന്‍വലിച്ചു. എസ്എടിയിലെ നോഡല്‍ ഓഫീസര്‍ കോവിഡ് ബാധിച്ചതിനേത്തുടര്‍ന്നാണ് രാജിവച്ചതെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. മറ്റു മെഡിക്കല്‍ മെഡിക്കല്‍ കോളജുകളില്‍ രാജിയുണ്ടായിട്ടില്ല. നോഡല്‍ ഓഫീസര്‍മാര്‍ കൂട്ടമായി സ്ഥാനമൊഴിഞ്ഞെന്ന കെ ജി എം സി ടി എയുടെ വാദം പൊളിഞ്ഞു. അതേസമയം സര്‍ക്കാരിന്റേയും മെഡിക്കല്‍ കോളജ് അധികൃതരുടേയും വീഴ്ചയ്ക്ക് ആത്മാര്‍ഥമായി ജോലി ചെയ്ത ഡോക്ടറെ ബലിയാടാക്കിയെന്നും ജീവനക്കാര്‍ പറയുന്നു.
രോഗവ്യാപനം രൂക്ഷമാകുമ്പോള്‍ കൂടുതല്‍ ജീവനക്കാരും സൗകര്യങ്ങളും വേണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം ഉള്ള ജീവനക്കാരില്‍ വലിയൊരു കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് അധികൃതരുടെ ഒത്താശയോടെ മാറി നില്‍ക്കുന്നുവെന്നും ഇതാണ് ആള് ക്ഷാമം രൂക്ഷമാക്കുന്നതെന്നും ആരോപണമുണ്ട്.


