തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്.
നേരത്തെ മേയര്‍- എംഎല്‍എ വിവാഹത്തിന്റെ ക്ഷണക്കത്ത് സി പി എം പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്.
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ പുറത്തിറക്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ലളിതമായി തയ്യാറാക്കിയ കത്തില്‍ രക്ഷകര്‍ത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാര്‍ത്തകളില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ്എഫ്ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്.
സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രന്. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന് ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന് സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്.