സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളെ ഗ്രൂപ്പുകള്‍ പൂര്‍ണ വിശ്വാസത്തിലെടുക്കില്ല. കേരളത്തിലെ പ്രശ്ന പരിഹാരങ്ങള്‍ക്ക് സോണിയാ ഗാന്ധിയുടെ നേരിട്ടുളള ഇടപെടല്‍ വേണമെന്നതാണ് ഗ്രൂപ്പുകളുടെ നിലപാട്. താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരവും ഗ്രൂപ്പുകള്‍ക്കുണ്ട്.
സംസ്ഥാന നേതൃത്വത്തിന്റെ സമവായ ശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്ത ആഴ്ച കേരളത്തിലേക്ക് എത്തുന്നത്. താരിഖുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറാകും.
പക്ഷേ അതുകൊണ്ടു മാത്രം പൂര്‍ണ പ്രശ്ന പരിഹാരം ഉണ്ടാകാനിടയില്ല. താരിഖ് അന്‍വര്‍ കെ സി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരം ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. കേരളത്തിന്റെ ചുമതലയില്‍ നിന്ന് താരിഖിനെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സോണിയാ ഗാന്ധിയുടെ നേരിട്ടുളള ഇടപെടലിലൂടെ മാത്രമേ മഞ്ഞുരുക്കത്തിന് സാധ്യതയുള്ളൂവെന്നാണ് സൂചനകള്‍. അതിനാലാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി തന്നെ കെപിസിസി നേതൃത്വത്തെ തള്ളിപ്പറയുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത്.


