കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 65 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് കമ്മീഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളും ഈ പട്ടികയിലുണ്ട്. നവംബറിലാകും തെരഞ്ഞെടുപ്പുകള്‍ നടക്കുക. തീയതി പിന്നീട് അറിയിക്കും. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന് യോഗത്തിലായിരുന്നു തീരുമാനം.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം ഉണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ട എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കൊവിഡിന്റെയും അതിതീവ്ര മഴയുടെയുമൊക്കെ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് ചില സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചേര്‍ന്ന യോഗം ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു.
65 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. 64 നിയമസഭാ മണ്ഡലങ്ങളും ഒരു പാര്‍ലമെന്റ് മണ്ഡലവുമാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. അടുത്തു തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഏതൊക്കെ സീറ്റുകളിലാണ് നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക എന്നത് സംബന്ധിച്ച് ഇനിയും വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.
തെരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച് നടത്തുന്നതിലൂടെ, പൊലീസ് സേനയുടെ വിന്യാസം, ക്രമസമാധാനപാലനം തുടങ്ങിയവ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.