-
ടി.എസ്. ലിബിന്
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കൊവിഡ് മഹാമാരിക്കിടെ അവതരിപ്പിച്ച ബജറ്റ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പിന്മുറ തന്നെയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവെച്ച വികസന നയങ്ങളുടെ തുടര്‍ച്ച, എന്നാല്‍ തോമസ് ഐസക്കിന്റെ വഴിമാറി ഹ്രസ്വബജറ്റ് കൂടിയായിരുന്നു കെ.എന്‍. ബാലഗോപാലിന്റേത് എന്നതും ശ്രദ്ധേയം. കൊവിഡ് ആരോഗ്യരംഗത്ത് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ഡിജിറ്റല്‍ ക്ലാസുകളുമായാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അധ്യാപനം ആരംഭിച്ചത്. കൊവിഡിനെ തുരത്താന്‍ ആരോഗ്യ പ്രവര്‍ത്തകരും സമൂഹവും ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ മതിയായ സൗകര്യമില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ അറിയിക്കാന്‍ കഴിയാതെ ആശങ്കയിലുള്ള വിദ്യാര്‍ത്ഥികളും രക്ഷക്ഷിതാക്കളും അനുഭവിക്കുന്നത് കടുത്ത മാനസിക സംഘര്‍ഷം. വിളയിറക്കാനും ഇറക്കിയത് കൊയ്യാനും വിപണനം സാധ്യമാകാതെയും ലോണെടുത്ത ബാങ്കുകളുടെ ഭീഷണിയെ നോക്കി നിസഹായതയോടെ കണ്ണീര് വാര്ത്തുന്ന കര്‍ഷകര്‍. വിലപിച്ച് വ്യവസായികളും സാധാരണക്കാരായ കുടുംബങ്ങളും. ഇവരുടെയൊക്കെ കണ്ണീരൊപ്പുന്നതായിരുന്നോ കരുതലും കൈത്താങ്ങുമെന്ന മുഖമുദ്രയണിഞ്ഞ രണ്ടാം പിണറായി സര്‍ക്കാരിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റെന്ന പ്രസക്ത ചോദ്യമാണ് ചര്‍ച്ചയാകുന്നത്.
വിമര്‍ശനങ്ങളും സ്വീകരണങ്ങളും എക്കാലവും ബജറ്റിന്റെ മുഖമുദ്രയാണ്. അതില്ലാതെ ഒരു ബജറ്റ് അവതരണവുമില്ല. കടുത്ത പ്രതിസന്ധിഘട്ടത്തിലെ ബജറ്റിനെ പ്രതീക്ഷയോടെ കാത്തിരുന്ന സമൂഹമാണ് മുന്നിലുണ്ടായിരുന്നത്. രാഷ്ട്രീയങ്ങള്‍ക്കതീതമായി ജീവന്റെ തുടിപ്പ് നിലനിര്‍ത്താനുള്ള ബജറ്റ്. വിദ്യാഭ്യാസ മേഖലയ്ക്ക് കരുതല്‍, കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ്, ആരോഗ്യ രംഗത്ത് വെല്ലുവിളികളെ അതിജീവിക്കാന്‍ സാധ്യമാകും വിധം ഊന്നല്‍. ശ്രദ്ധേയമായിരുന്നു തോമസ് ഐസക്കിന്റെ പിന്മുറക്കാരനായി ബാലഗോപാലിന്റെ സംസ്ഥാനത്തെ ഏറ്റവും ഹൃസ്വ ബജറ്റുകളില്‍ ഒന്ന്.
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികള്‍ക്ക് പരിഗണന. ആരോഗ്യം, വിദ്യഭ്യാസം, കാര്‍ഷിക മേഖലയ്ക്കൊപ്പം മറ്റ് മേഖലകളെ ഒഴിവാക്കാതെ അര്‍ഹമായ പ്രാധാന്യം നല്കി കൈയടി നേടിയ ബജറ്റ്. ഒറ്റനോട്ടത്തില്‍ കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെ ഇങ്ങനെ വിലയിരുത്താം.
ആരോഗ്യമേഖലയ്ക്ക് 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്സിന് പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനായി 1000 കോടി, വാക്സിന് നിര്‍മാണ ഗവേഷണത്തിന് 10 കോടി. ആരോഗ്യ മേഖലയ്ക്ക് സമഗ്രമായ പാക്കേജ്.
വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം സൗജന്യ ലാപ്ടോപുകള്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് 10 കോടി, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങിന് സ്ഥിരം സംവിധാനം, പഠനത്തിന് വെര്‍ച്വല്‍, ഓര്ഗമെന്റ് സംവിധാനത്തിന് 10 കോടി തുടങ്ങി വിദ്യാഭ്യാസ മേഖലയക്ക് കാതലായ കരുതല്‍.
നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി. കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള സംവിധാനങ്ങള്‍ക്കായി 10 കോടി, കാര്‍ഷിക ഉത്പന്ന വിപണനത്തിന് 10 കോടി, കുറഞ്ഞ പലിശക്ക് വായ്പ, കാര്‍ഷിക ഉത്പന്ന വിതരണ ശൃംഖല, കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കും, പാല് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഫാക്ടറി. കാര്‍ഷിക മേഖലയും തൃപ്തം.
സാധരണക്കാരുടെ സര്‍ക്കാര്‍ എന്നതുകൊണ്ടു തന്നെ തൊഴിലുറപ്പ്, കുടുംബശ്രീ, പട്ടിക ജാതി/ പട്ടിക വര്‍ഗ വികസനം, പ്രവാസി ക്ഷേമം ഒന്നും വിട്ടുപോയില്ല. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടിയുടെ വായ്പ, 4 ശതമാനം പലിശ നിരക്ക്, കുടുംബശ്രീക്ക് കേരള ബാങ്ക് നല്കുന്ന വായ്പക്ക് 2-3 ശതമാനം സബ്സിഡി നല്‍കും, ഈ വര്‍ഷം 10000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകള്‍ സ്ഥാപിക്കും തുടങ്ങി സാധാരണക്കാരുടെ മനസ് നിറച്ച തീരുമാനങ്ങള്‍.
സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിലൂടെ 12 കോടി തൊഴില്‍ ദിനങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രാഥമിക ഘട്ടത്തില്‍ 10 കോടി. തോട്ടം മേഖലയ്ക്കും ബജറ്റില്‍ മികച്ച പ്രഖ്യാപനങ്ങള്‍. പട്ടിക ജാതി, പട്ടിക വര്‍ഗ വികസനത്തിനായി 10 കോടി. അടിസ്ഥാന സൗകര്യ വികസനം, തീരദേശ വികസനം എന്നിവയ്ക്കായി ആദ്യഘട്ടത്തില്‍ കിഫ്ബി വഴി 1500 കോടിയും, കോസ്റ്റല്‍ ഹൈവേ പദ്ധതിയുമായി തീരമേഖലയ്ക്കും പ്രാധാന്യം.
ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി, ടൂറിസം മേഖലയ്ക്ക് 50 കോടി. കൊവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടി വായ്പ. വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് 5 കോടി.
സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധിഘട്ടത്തില്‍ സാമ്പത്തിക നേട്ടവും സാധാരണക്കാരന് ജീവിത മാര്‍ഗവും എന്ന വെല്ലുവിളി നിറഞ്ഞത് കൂടിയായിരുന്നു ഇത്തവണത്തെ ബജറ്റ്. ജനക്ഷേമത്തിന് ഊന്നല്‍ നല്കി സാമൂഹ്യ പുരോഗതിയുടെ ജനകീയ മാതൃകയായിരുന്നു കെ.എന്‍. ബാലഗോപാലിന്റെ ബജറ്റിന്റെ മുഖവും. കരുതലും കൈത്താങ്ങുമെന്ന മുഖമുദ്രയണിഞ്ഞ പിണറായി സര്‍ക്കാറിന്റെ ബജറ്റ് സാധാരണക്കാരന്റെ മനസും നിറച്ചു.