ഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂല സംഘടനാ നേതാവായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. കരണ്‍പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരണ്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്. ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വെച്ചാണ് നിജ്ജാറെ അജ്ഞാതര്‍ വെടിവെച്ച് കൊന്നത്. നിജ്ജാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും നിജ്ജാറിനെ വെടിവെക്കുകയും ചെയ്തവരാണ് അറസ്റ്റിലായ പ്രതികള്‍. കാനഡയില്‍ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുകയാണ്.
പഞ്ചാബ് മേഖലയില്‍ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹര്‍ദീപ് സിങ് 2023 ജൂണ്‍ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിര്‍ന്ന ഖലിസ്ഥാന്‍ നേതാക്കളില്‍ ഒരാളായിരുന്നു ഹര്‍ദീപ് സിങ് നിജ്ജാര്‍. പഞ്ചാബിലെ ജലന്ധറിലെ ഭര്‍സിംഗ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് നിജ്ജാര്‍.
ഇന്ത്യ നിജ്ജാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകാന്‍ കാരണമായിരുന്നു.


