കോവിഡ് പ്രതിസന്ധിയില്‍ ഉണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ ഇല്ലായ്മചെയ്യാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരപരിധി നിജപ്പെടുത്തി പെര്‍മിറ്റ് നല്കാന് 2017 ലാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇതിനെതിരെ കേരള സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങിയിരുന്നു. ഈ വിധിക്കെരിരെ ഹൈക്കോടതിഡിവിഷന്‍ ബെഞ്ചില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍ക്കാര്‍ അനുകൂല വിധി സമ്പാതിക്കുകയായിരുന്നു. ഇത് മൂലം ആയിരക്കണക്കിന് സ്വകാര്യ ബസ് പെര്‍മിറ്റുകളാണ് പുതുക്കപ്പെടാതെ കിടക്കുന്നതെന്നും എം.പി. പറഞ്ഞു.
കോവിഡ് കാലഘട്ടം ആരംഭിക്കുന്നതിനുമുമ്പ് കേരളത്തില്‍ 25,500 ന് മുകളില്‍ ബസ്സുകള്‍ ഉണ്ടായിരുന്നത് രണ്ടു വര്‍ഷക്കാലത്തെ ലോക്ക് ഡൗണിന് ശേഷം അത് 6400 ബസ്സുകളായി കുറഞ്ഞു. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ടാക്സ് അടയ്ക്കാന്‍ പോലും കഴിയാതെ 6200 ല്‍പ്പരം ബസ്സുകള്‍ സര്‍വീസ്സുകള്‍ നിര്‍ത്തി പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്തു. ഇത് മൂലം സര്‍ക്കാരിന് വര്‍ഷം 120 കോടിയോളം രൂപ റോഡ് ടാക്സ്, തൊഴിലാളി ക്ഷേമനിധി, മറ്റ് ഫീസുകള്‍, പെനാല്‍റ്റി ഇനത്തില്‍ റവന്യൂവരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് എം.പി. പറഞ്ഞു. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ പുനര്‍ചിന്തനം നടത്തിയില്ലെങ്കില്‍ നിലവില്‍ കേരളത്തിലുള്ള ബസ് സര്‍വീസുകളും പ്രതിസന്ധിയിലാകുകയും ഈ വ്യവസായം മൂലം നിലനില്‍ക്കുന്ന അനേകം കുടുംബങ്ങള്‍ പട്ടിണിയാകുമെന്നും കേരളത്തിലെ പൊതു ഗതാഗത സംവിധാനം താറുമാറാകുമെന്നും എം.പി പറഞ്ഞു. അതുകൊണ്ട് സര്‍ക്കാര്‍ എത്രയും വേഗം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധികളുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഈ വിഷയത്തില്‍ ദൂരപരിധി നോക്കാതെ പെര്‍മിറ്റ് പുതുക്കി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.പി. ആവശ്യപ്പെട്ടു.


