ആലപ്പുഴ: കെഎസ്ആർടിസി ട്രിപ്പുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളിൽ സ്വകാര്യബസുകൾക്ക് അനുമതി. ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം (ഏണിങ് പെർ കിലോമീറ്റർ) 35 രൂപയിൽ കുറവുള്ള സർവീസുകൾ അയയ്ക്കേണ്ടതില്ലെന്ന നിർദേശത്തെ തുടർന്നാണ് സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകുന്നത്. ആലപ്പുഴ ജില്ലയിൽ മാത്രം 32 സ്വകാര്യബസുകൾക്ക് പുതുതായി പെർമിറ്റ് നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി യുടെ കുത്തകയായിരുന്ന തോട്ടപ്പള്ളി-കരുനാഗപ്പള്ളി ചെയിൻ സർവീസിന്റെ സ്ഥാനത്ത് ഇനി മുതൽ സ്വകാര്യ ബസുകൾ ഓടിക്കും. ഈ തീരദേശപാതയിൽ ഒട്ടേറെ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റുകൾ അനുവദിക്കുമെന്നാണ് അറിയുന്നത്. ഇവിടെ സ്വകാര്യ ബസുകൾ ഹ്രസ്വദൂര സർവീസുകളേ നടത്തിയിരുന്നുള്ളൂ. കരുനാഗപ്പള്ളി-തോട്ടപ്പള്ളി റൂട്ടിലെ കെഎസ്ആർടിസി ചെയിൻ സർവീസിന്റെ കണ്ണി മുറിച്ചതിനു പിന്നാലെയാണ് സ്വകാര്യ ബസുകൾക്ക് കൂട്ടത്തോടെ അനുമതികൊടുക്കുന്നത്.
വർഷങ്ങളായി ചെയിനായി കെഎസ്ആർടിസി സർവീസ് നടത്തിയിരുന്ന ചെങ്ങന്നൂർ-കൊല്ലം, പുനലൂർ-കായംകുളം തുടങ്ങിയ റൂട്ടുകളിലും സ്വകാര്യ ബസുകൾക്ക് അനുമതിനൽകാൻ നീക്കമുണ്ട്. ഇവിടങ്ങളിൽ സ്വകാര്യബസുകൾ അനുമതിക്ക് അപേക്ഷിച്ചതായാണ് വിവരം. കെഎസ്ആർടിസി മാത്രം സർവീസ് നടത്തിയിരുന്ന കുട്ടനാട്ടിൽ ആദ്യമായി സ്വകാര്യബസിന് അനുമതി നൽകിയിട്ടുണ്ട്. പുന്നപ്രയിൽനിന്ന് കൈനകരിയിലേക്കുള്ള സർവീസിനാണ് ആലപ്പുഴ ജില്ലാ ആർ ടിഎ ബോർഡ് യോഗം അനുമതി നൽകിയത്.