സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നടപടി കോടതി മരവിപ്പിച്ചു. പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് തീരുമാനം. കില, വനിതാ കമ്മീഷന്, കെല്‍ട്രോണ്‍, കെ ബിപ്, എഫ്ഐടി തുടങ്ങി പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിയില്‍ ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ 10 വര്‍ഷം പൂര്‍ത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂര്‍ത്തീകരിക്കാത്ത തുടര്‍ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്.
12ാം തിയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.