സംസ്ഥാനത്ത് ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോര്‍ പരിപാടികളില്‍ പരമാവധി 150 പേര്‍ക്ക് പങ്കെടുക്കാം. നേരത്തേ ഇന്‍ഡോറില്‍ നൂറും ഔട്ട് ഡോറില്‍ ഇരുന്നൂറ് പേര്‍ക്ക് പങ്കെടുക്കാമായിരുന്നു. ആളുകള്‍ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം.
രാത്രികാല നിയന്ത്രണം ഉണ്ടാവില്ല. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണമുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഇതുവരെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്നലെ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 2 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
സംസ്ഥാനത്ത് സ്ഥിരീകരിച്ച 181 ഒമിക്രോണ്‍ കേസുകളില്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നു വന്നത് 52 പേരാണ്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ഉടന്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.

