പത്തനംതിട്ടയിലെ സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപിന്റേത് ക്രൂരമായ കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ്- ബി ജെ പി സംഘം ആസൂത്രിതമായി നടപ്പിലാക്കാക്കിയ കൊലപാതകമാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്ദീപ് ജനകീയ നേതാവാണ്. പഞ്ചായത്ത് തിരിച്ചു പിടിക്കാന്‍ പ്രധാന പങ്കുവഹിച്ചു. കേരളത്തില്‍ സിപിഐ എമ്മിനെ വകവരുത്താന്‍ ആര്‍എസ്എസ് ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട്. 2016ന് ശേഷം സിപിഐ എമ്മിന്റെ 20 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ 15 പേരെയും കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതകങ്ങളിലൂടെ സി പി ഐ എമ്മിനെ ഇല്ലാതാക്കാനാണ് ശ്രമം. കൊലയ്ക്ക് പകരം കൊല എന്നത് സിപിഐ എമ്മിന്റെ നയമല്ല. അക്രമികളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ അദ്ദേഹം സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
അതേസമയം സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായെന്ന് പൊലീസ് അറിയിച്ചു. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍ എന്നിവരെ ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു.


