കോട്ടയം: എംജി സര്‍വകലാശാലയില്‍ വെച്ച് ഒരു ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്നും, ജീവനക്കാരനില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ സാബു തോമസ്. ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാര്‍ത്ഥിനി വാക്കാല്‍ പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാന്‍സിലര്‍ പ്രതികരിച്ചു.
തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് അന്ന് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വിസി സാബു തോമസിനെ അറിയിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അവരെ തള്ളി വിസി രംഗത്തെത്തിയത്.
”വ്യാജമായ ആരോപണമാണ് വിദ്യാര്‍ത്ഥിനി ഉന്നയിക്കുന്നതെന്നാണ് വിസിയുടെ പ്രതികരണം. വാക്കാല്‍ പോലും പരാതി ഉന്നയിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അവരെ പൂര്‍ണമായി പിന്തുണക്കും. വിദ്യാര്‍ത്ഥി ലബോറട്ടറിയില്‍ തിരിച്ചുവന്ന് പഠനം പൂര്‍ത്തികരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടി എല്ലാ സൗകര്യവും നല്കാന് തയ്യാറാണെന്നും വിസി അറിയിച്ചു. കളക്ടറിന്റെ ഇടപെടല്‍ വന്നാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം പരാതി നല്‍കിയില്ലെന്ന വി.സിയുടെ വാദം വാസ്തവ വിരുദ്ധമാണെന്ന് പരാതിക്കാരി പറഞ്ഞു. 2014ല്‍ തന്നെ പരാതി പറഞ്ഞിരുന്നു. ഭീതികാരണം രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ലൈംഗിക അതിക്രമത്തില്‍ രേഖാമൂലം പൊലീസിനും യൂണിവേഴ്സിറ്റിക്കും പരാതി നല്‍കുമെന്നും സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥി പറഞ്ഞു.


