കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കിസാന്‍ കോണ്‍ഗ്രസ്. കര്‍ഷകരക്ഷ, രാജ്യരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്ത് കിസാന്‍ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിച്ചു. മൂവാറ്റുപുഴ പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
കുടിശ്ശികയായ പ്രളയ ദുരിതാശ്വാസം അടിയന്തിരമായി കര്‍ഷകര്‍ക്കു നല്‍കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷക പെന്ഷന് 10000 രൂപയാക്കുക, കര്‍ഷകര്‍ക്കു വിലയും വിപണിയും ഉറപ്പാക്കുക, വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിനും, നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുക, റബ്ബറിന് 200 രൂപ തറവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പായിപ്ര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.എം. നാസര്‍, സുബൈര്‍ മൈതീന്‍, പി. വി. തോമസ്, രവീന്ദ്രന് എന്‍ എന്നിവര്‍ നേതൃത്വം നല്കി.


