കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യുപിയിലെ ഹത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്ര തിരിച്ചു. സംഘത്തില്‍ കോണ്‍ഗ്രസ് എംപിമാരും ഉണ്ട്. ഡല്‍ഹി- ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഇരുവരെയും കാത്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കൂടാതെ നിരവധി കമ്പനി പൊലീസുമുണ്ട്.
രാഹുലിനെ ഒപ്പമിരുത്തി പ്രിയങ്ക കാര്‍ ഓടിക്കുന്ന വിഡിയോ ഇപ്പോള്‍ കോണ്‍ഗ്രസ് പേജുകളില്‍ വൈറലാവുകയാണ്. ഇത് രണ്ടാം തവണയാണ് ഇരുവരും ഹത്റാസിലേക്ക് പോകാന്‍ ശ്രമിക്കുന്നത്. ശശി തരൂരടക്കം ഉള്ള നേതാക്കള്‍ ഒപ്പമുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയുടെ വഴിതടഞ്ഞ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രംഗത്തെത്തി. ഹത്രസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി നോയിഡ പാത അടച്ചു. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലുമാക്കി.
രണ്ട് ദിവസം മുന്‍പ് ഹത്റാസ് സന്ദര്‍ശിക്കാനുള്ള ഇരുവരുടെയും ശ്രമത്തെ പൊലീസ് തടഞ്ഞിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്താണ് നീക്കിയത്. അതേസമയം ഉത്തര്‍പ്രദേശ് ഡിജിപി ഹത്റാസിലെത്തി. പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കുന്നുണ്ട്. മൂന്ന് കാറുകളിലായാണ് സംഘം സന്ദര്‍ശനത്തിനെത്തുന്നത്.
യുപി സര്‍ക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. യുപി സര്‍ക്കാര്‍ ധാര്‍മികമായി അഴിമതി നിറഞ്ഞതാണ്. ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, അവളുടെ പരാതി കൃത്യസമയത്ത് റജിസ്റ്റര്‍ ചെയ്തില്ല, മൃതദേഹം ബലമായി സംസ്കരിച്ചു, കുടുംബം ബന്ധനത്തിലാണ്, അവരെ അടിച്ചമര്‍ത്തുകയാണ് – പ്രിയങ്ക ട്വീറ്റ് ചെയ്തു.


