ഹഥ്റാസില് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് 40 എംപിമാരുമായി പോകുമെന്ന് രാഹുല്‍ ഗാന്ധി. നേരത്തേ ഹഥ്റാസിലേക്ക് പോകാന്‍ ശ്രമിക്കവേ, രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ദില്ലി – യുപി അതിര്‍ത്തിയില്‍ വച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. ഇതിനിടെ, യുപിയില്‍ ദളിത് സംഘടനകളുടെയും പാര്‍ട്ടികളുടെയും പ്രതിഷേധം ഇരമ്പുകയാണ്. യുപി നിയമസഭാ മന്ദിരത്തിന് മുന്നില്‍ മാലിന്യം തള്ളി പ്രതിഷേധിച്ച ഭീം ആര്‍മി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഹഥ്റാസിലെ പെണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിച്ച ഇന്ത്യാ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ ചോര്‍ത്തി, തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത് പുറത്തുവിട്ട ബിജെപി ഐടി സെല്‍ അധ്യക്ഷനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹഥ്റാസിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ദില്ലി – യുപി അതിര്‍ത്തിയിലുള്ള ഗ്രേറ്റര്‍ നോയ്ഡയില് യമുന എക്സ്പ്രസ് വേയിലേക്ക് കടക്കുമ്പോള്‍ത്തന്നെ ഇവരുടെ വാഹനം പൊലീസ് തടഞ്ഞു. തിരികെപ്പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാഹുലും പ്രിയങ്കയും ഇറങ്ങി നടക്കാന്‍ തുടങ്ങി. പൊലീസ് വീണ്ടും തടഞ്ഞു. ഉന്തും തള്ളുമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ലാത്തിച്ചാര്‍ജുണ്ടായി. തുടര്‍ന്ന് പൊലീസ് രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയായിരുന്നു. ഇന്നലെ ഹഥ്റാസിലെത്തിയ തൃണമൂല്‍ എംപിമാരെയും പൊലീസ് സമാനമായ രീതിയില്‍ കയ്യേറ്റം ചെയ്തിരുന്നു. ഡെറക് ഒബ്രയന്‍ എംപിയെ ഉന്തിത്തള്ളി താഴെയിട്ടു പൊലീസ്. സ്ഥലത്ത് സംഘര്‍ഷവുമുണ്ടായി.
ഹഥ്റാസിലെ പെണ്‍കുട്ടിയുടെ വീട് അടക്കമുള്ള പ്രദേശത്ത് നിരോധനാജ്ഞയുണ്ട്. പൊലീസ് മാധ്യമപ്രവര്‍ത്തകരെയോ, രാഷ്ട്രീയപ്രവര്‍ത്തകരെയോ സ്ഥലത്തേക്ക് കയറ്റിവിടുന്നില്ല. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ സംസ്കാരം ബന്ധുക്കളെ അറിയിക്കാതെ നടത്തിയതിനെക്കുറിച്ച് പ്രതികരണം തേടിയ ഇന്ത്യാ ടുഡേ മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇത് എഡിറ്റ് ചെയ്ത് പുറത്തുവിട്ടത് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്. ബിജെപിയുടെ ഐടി സെല്‍ മേധാവിക്ക് എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ റെക്കോഡ് ലഭിച്ചതെന്നതില്‍ വിവാദം കത്തുകയാണ്.
ഇതിനിടെ, എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ പ്രതിമാ മിശ്രയെയും ക്യാമറാമാനെയും പൊലീസ് ബലമായി തിരിച്ചയക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വലിയ പ്രതിഷേധങ്ങള്‍ തുടര്‍ന്നതോടെ, ശനിയാഴ്ച, അല്പസമയം മുമ്പ് കുറച്ച് മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കയറ്റിവിടാന്‍ പൊലീസ് തയ്യാറായിട്ടുണ്ട്.


