സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ വേഗത്തില്‍ ലഭിച്ചാല്‍ തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങും. ജൂലൈ മാസത്തെ പകുതി ശമ്പളം നല്‍കാനാണ് ആലോചന. കൂലിക്ക് പകരമായി നല്കുന്ന കൂപ്പണ്‍ വാങ്ങില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു.
ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാന്‍സും കൊടുക്കേണ്ടത്. സര്‍ക്കാര്‍ അനുവദിച്ച തുകകൊണ്ട് നേരത്തേ എടുത്ത ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ത്ത് വീണ്ടും 50 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നല്കാന് ഉദ്ദേശിക്കുന്നത്.
തിങ്കളാഴ്ചയാണ് യൂണിയനുകളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം അനുസരിച്ചാകും കെഎസ്ആര്‍ടിസിയുടെ ഭാവി.


