ക്യാപ്റ്റന്‍ വിളി അറിഞ്ഞിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആളുകള്‍ക്ക് താത്പര്യം വരുമ്പോള്‍ അങ്ങനെ പലതും വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്ന കാര്യമല്ല. അത് ആളുകള്‍ പലതും വിളിക്കും. അവര്‍ക്ക് താത്പര്യം വരുമ്പോള്‍ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാന്‍ കഴിയില്ല. അതങ്ങനെ ആലോചിച്ചാല്‍ മതി’ – എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
നേരത്തെ, പാര്‍ട്ടിക്ക് ക്യാപ്റ്റനില്ലെന്നും പാര്‍ട്ടി അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെഎസ്ഇബി കരാറുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ആരോപണങ്ങള്‍ പച്ചനുണയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങിയത് പൊതു മേഖലയില്‍ നിന്നാണ്. കെഎസ്ഇബി കരാര്‍ ഒപ്പുവച്ചത് സോളാര്‍ എനര്‍ജി കോര്‍പറേഷനുമായാണ്. അദാനിയുമായി കെഎസ്ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. തെളിവുണ്ടെങ്കില്‍ ചെന്നിത്തല പുറത്തുവിടട്ടെയെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.


