മൂവാറ്റുപുഴ: കടാതി മേഖലയിലെ ദേശീയ പാതയുടെ ഇരു വശങ്ങളിലുമുളള പ്രദേശങ്ങളില്‍ രണ്ടാഴ്ചയായി കുടിവെളള വിതരണം മുടങ്ങിയതോടെ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസും വാര്‍ഡ് കൗണ്‍സിലര്‍ അമല്‍ ബാബുവും മൂവാറ്റുപുഴ വാട്ടര്‍ അഥോറിറ്റി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയറെ ഉപരോധിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യന്‍ ഫോണ്‍ വഴി നഗരസഭ ചെയര്മാന് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
രണ്ടാഴ്ചയായി ഇവര്‍ പ്രതിനിധീകരിക്കുന്ന 24, 25 വാര്‍ഡുകളില്‍ കുടിവെള്ളമില്ല. നഗരത്തിലെ തന്നെ ഉയര്‍ന്ന പ്രദേശങ്ങളാാണ് കുര്യന്മല, സംഗമം തുടങ്ങിയ പ്രദേശങ്ങള്‍. നിരവധിതവണ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുമായി ചെയര്മാന് നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സമരം. കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ പ്രശ്നം ധരിപ്പിച്ചു എങ്കിലും നടപടിയുണ്ടായില്ല. സമരം ആരംഭിച്ചതോടെ മന്ത്രി ഇടപ്പെട്ടു. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
വേനല്‍ കനത്തതോടെ മേഖലയില്‍ കുടിവെളള വിതരണം താറുമാറായ സ്ഥിതിയാണ്. നഗരത്തിലാകെ ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെളളം എത്തുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലാകട്ടെ കുടിവെളളത്തിന് ദിവസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പരാതി ഉയരുമ്പോള്‍ മറ്റ് പ്രദേശങ്ങളിലേക്കുളള ജല വിതരണം നിര്‍ത്തി പരാതികാര്‍ക്ക് വെളളം നല്കുന്ന പൊടികൈയാണ് ഉദ്യോഗസ്ഥര്‍ അവലംബിക്കുന്നത്. വിതരണ കുഴലിന്റെ വാല്‍വ് പൂര്‍ണമായും തുറക്കാത്തതാണ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉളളവര്‍ക്ക് വെളളം ലഭിക്കാത്തതിന് കാരണം. വിവിധ ഇടങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലും ജല വിതരണം താളം തെറ്റിക്കുന്നു. വേനലിന്റെ തുടക്കത്തില്‍ തന്നെ ജല ദൗര്‍ലഭ്യം നേരിട്ടതോടെ വരും മാസങ്ങളില്‍ സ്ഥിതി ഗുരുതരമാകും. നഗരസഭ ചെയര്മാന് സമരം നടത്തിയതിന് പിന്നാലെ ചോര്‍ച്ച കണ്ടെത്തി പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനം വാട്ടര്‍ അഥോറിറ്റി അധികൃതര്‍ ആരംഭിച്ചു. ആവശ്യമെങ്കില്‍ ചോര്‍ച്ച കണ്ടെത്തുന്നതിന് യന്ത്ര സഹായം ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുള്‍ സലാം, നഗരസഭ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ പി.എം. അബ്ദുള്‍ സലാം, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ ജോയിസ് മേരി ആന്റണി, ജോര്‍ജ് മണ്ണൂര്‍, ബിന്ദു ജയന്, കെ.കെ. സുബൈര്‍, മഹിള കോണ്‍ഗ്രസ് ഭാരവാഹികളായ പി. രജിത, ടി.കെ. സിന്ധു, ജീന ബിജു, കോണ്‍ഗ്രസ് ഭാരവാഹികളായ പി.വി. സാജു, എ.കെ. നാരായണന് എന്നിവര്‍ പങ്കെടുത്തു.