ഒമ്പത് ദിവസത്തെ അവധി ദിനങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം പുനരാരംഭിച്ചു. ദേശീയ തലസ്ഥാനമായ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്നാരംഭിച്ച യാത്ര ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചു. ഗാസിയാബാദ് അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് യാത്രികരെയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു.
‘സത്യത്തിന്റെ പാത’ പിന്തുടരുന്നതിന് തന്റെ സഹോദരനെ പ്രശംസിച്ച പ്രിയങ്ക, യാത്രയില്‍ പങ്കെടുത്തവരോട് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ആദരവിന്റെയും സന്ദേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തുടര്‍ന്നും കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിച്ചു.
കോടികളെറിഞ്ഞ് സര്‍ക്കാര്‍ രാഹുലിന്റെ ഇമേജ് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. വന്‍കിട വ്യവസായികളായ അദാനിയും അംബാനിയും രാഹുല്‍ ഒഴികെ എല്ലാത്തിനേയും വിലയ്ക്ക് വാങ്ങിയെന്നും പ്രിയങ്ക ആരോപിച്ചു.
‘എന്റെ പ്രിയ ജ്യേഷ്ഠാ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരയെധികം അഭിമാനം കൊള്ളുന്നു. കാരണം, സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനായി ചെലവഴിക്കുന്നത്. എന്നാല്‍ സത്യത്തിന്റെ പാതയില്‍നിന്ന് താങ്കള്‍ പിന്തിരിയുന്നില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖല സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ അവര്‍ക്ക് വിലക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്കതിന് ഒരിക്കലും സാധിക്കില്ല. അതില്‍ എനിക്ക് അഭിമാനമുണ്ട്,’ എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ കുമാര്‍, യുപി സഭാ കക്ഷി നേതാവ് ആരാധന മിശ്ര എന്നിവരടക്കം നിരവധി നേതാക്കള്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ട്. രാവിലെ കശ്മീര്‍ ഗേറ്റിലെ ഹനുമാന് മന്ദിറില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ജനുവരി ആറിന് ഹരിയാനയിലും 11 മുതല്‍ 20 വരെ പഞ്ചാബിലുമാണ് ഭാരത് ജോഡോ യാത്ര. ഇതിനിടെ ഒരു ദിവസം ഹിമാചല്‍ പ്രദേശിലും പര്യടനമുണ്ട്. ജനുവരി 20-ഓടെ യാത്ര ജമ്മു കശ്മീരിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


