സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തങ്ങള്‍ക്ക് മുഖ്യമന്ത്രി വിളിച്ച യോഗത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല. പൗരപ്രമുഖന്മാരായ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെ മാത്രമാണ് യോഗത്തിന് വിളിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തിറങ്ങുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും. പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. കൂടാതെ മാധ്യമ മേധാവികളുടെ യോഗം ഈ മാസം 25 ന് ചേരും. ഇതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവും ചേരും. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ യോഗവും വിളിക്കും. മാത്രമല്ല പദ്ധതിയുടെ വിശദാംശങ്ങളും സര്‍ക്കാര്‍ നടപടികളും യോഗത്തില്‍ വിശദീകരിക്കും.
അതേസമയം കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു പിന്നാലെ വിശദീകരണ സെമിനാറുമായി സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടില്‍പീടികയിലാണ് കെ-റെയില്‍ നേരും നുണയും എന്ന പേരില്‍ ഇന്നു മുതല്‍ സെമിനാര്‍ നടത്തുന്നത്.


